കണ്ണൂർ/കാസർകോട്: പരിസ്ഥിതി സ്നേഹികൾക്ക് ആശ്വാസമായി വടക്കൻ കേരളത്തിൽ വെള്ളവയറൻ കടൽ പരുന്തുകളുടെ (White-bellied Sea Eagle) കൂടുകളുടെ എണ്ണത്തിൽ വർധന. മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്), സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകൾ എന്നിവ സംയുക്തമായി നടത്തിയ സർവേയിലാണ് പ്രജനനകാലത്തെ ഈ ശുഭസൂചന കണ്ടെത്തിയത്. രണ്ട് ജില്ലകളിലായി ആകെ 17 നെസ്റ്റിങ് സൈറ്റുകളാണ് കണ്ടെത്തിയത്.
ഇതിൽ 10 എണ്ണം കാസർകോട്ടും 7 എണ്ണം കണ്ണൂരിലുമാണ്. കഴിഞ്ഞ വർഷം ഇത് ആകെ 13 എണ്ണമായിരുന്നു. 1996-ൽ 25 സജീവ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് പിന്നീട് വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ വർഷത്തെ വർധന പരുന്തുകളുടെ വംശവർധനവിൽ വലിയ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്.ഡോ. റോഷനാഥ് രമേഷ്, സോഷ്യൽ ഫോറസ്ട്രി ജില്ലാ മേധാവികളായ എം. രാജീവൻ, ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. ജനവാസ മേഖലകളിൽ കൂടുകൂട്ടുന്ന ഇവയെ ശല്യം ചെയ്യാതെ സംരക്ഷിച്ചാൽ വരും വർഷങ്ങളിലും എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.










