ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം.കെ. സ്റ്റാലിനും രാഹുൽ ഗാന്ധിയും ഒരേ വേദിയിൽ എത്തില്ലെന്ന് ഡിഎംകെ നേതൃത്വം അറിയിച്ചു. സ്റ്റാലിന്റെ പര്യടനം മുൻകൂട്ടി തീരുമാനിച്ചതായതിനാൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് പാർട്ടി നേതാവ് ആർ.എസ്. ഭാരതി വ്യക്തമാക്കി.
പര്യടനത്തിൽ മാറ്റം വരുത്തിയാൽ നിരവധി മണ്ഡലങ്ങളെ ബാധിക്കുമെന്നും, രാഹുൽ ഗാന്ധി ഡിഎംകെ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർഥിക്കാനാണ് എത്തുന്നതെന്നും ഭാരതി പറഞ്ഞു. നാളെ മുതൽ രാഹുലിന്റെ തമിഴ്നാട് പര്യടനം ആരംഭിക്കും. പുതുച്ചേരിയിലും ഇരുവരും ഒരുമിച്ച് പ്രചാരണത്തിൽ പങ്കെടുത്തിരുന്നില്ല. സ്റ്റാലിൻ തന്റെ മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നേതൃത്വം അറിയിച്ചു.
അതേസമയം, 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും, തമിഴ്നാടും ദില്ലിയും തമ്മിലുള്ള പോരാട്ടമാണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ബിജെപിയും ആർഎസ്സ്സും സംസ്ഥാനത്തിന്റെ സ്വത്വത്തെ ബാധിക്കുകയാണെന്നും അത് തടയാൻ താനാണ് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ എഡപ്പാടി കെ. പളനിസ്വാമിയും നടൻ-രാഷ്ട്രീയ പ്രവർത്തകനായ വിജയ് യും വിവിധ വിഷയങ്ങൾ ഉയർത്തി സർക്കാരിനെ വിമർശിക്കുന്നുണ്ട്.




