മനാമ: ലെബനനും ഇസ്രായേലും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്റൈൻ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ധാരണ സമാധാനത്തിലേക്കുള്ള പ്രധാനപ്പെട്ട നീക്കമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഘർഷം നിയന്ത്രിക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനും ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ എടുത്ത നടപടികളെയും മന്ത്രാലയം അഭിനന്ദിച്ചു. ഇത്തരമൊരു ധാരണയിലെത്താൻ ട്രംപ് നടത്തിയ ശ്രമങ്ങളും ബഹ്റൈൻ പ്രശംസിച്ചു.
ലെബനന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ബഹ്റൈൻ, രാജ്യത്ത് ആയുധങ്ങൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണമെന്ന നിലപാടിനും പിന്തുണ അറിയിച്ചു. അമേരിക്കയുടെ മേൽനോട്ടത്തിൽ ഇരു രാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത് ദീർഘകാല സമാധാനത്തിന് അനിവാര്യമാണെന്നും ബഹ്റൈൻ വ്യക്തമാക്കി.
യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 1701യും താഇഫ് ഉടമ്പടിയും പൂർണമായി നടപ്പിലാക്കുന്നത് ലെബനനിൽ സുരക്ഷയും ഭരണാധികാരവും ഉറപ്പാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വെടിനിർത്തൽ കരാർ ലെബനനിൽ കൂടുതൽ സ്ഥിരതക്കും പുരോഗതിക്കും വഴിയൊരുക്കുമെന്ന് ബഹ്റൈൻ പ്രത്യാശ പ്രകടിപ്പിച്ചു.






