ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസിലെ ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം ചോദ്യം ചെയ്താണ് യുവതി അപ്പീൽ ഹർജി സമർപ്പിക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ അപ്പീൽ നൽകുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായാണ് വിവരം. അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഉടൻ തന്നെ ഹർജി സമർപ്പിക്കാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നത്.
പ്രഥമദൃഷ്ട്യാ ബന്ധം പരസ്പര സമ്മതപ്രകാരമാണെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നും നിരീക്ഷിച്ച ഹൈക്കോടതി വ്യാഴാഴ്ച ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ അന്തിമ വിധിനിർണയം വിചാരണക്കോടതിയുടേതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.




