ദിസ്പൂര്‍: അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ പാര്‍ട്ടി വിട്ടു. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലുള്ള അതൃപ്തിയും ആത്മാഭിമാനത്തിനേറ്റ മുറിവുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ 1994 മുതല്‍ സജീവമായ ഭൂപന്‍ ബോറ 2006 മുതല്‍ 2016 വരെ ബിഹ്പുരിയ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് അസം പിസിസി അധ്യക്ഷനായി ചുമതലയേറ്റത്. കഴിഞ്ഞ ജൂണില്‍ ഗൗരവ് ഗൊഗോയിക്ക് അധികാരം കൈമാറുന്നത് വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു. ഗൊഗോയി നയിച്ച മജുലിയിലെ റാലിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം രാഷ്ട്രീയം വിടില്ലെന്ന് പ്രഖ്യാപിച്ച ബോറയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നീക്കം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അദ്ദേഹത്തെ നേരില്‍ കാണുമെന്ന് അറിയിച്ചു. സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതേസമയം, മുതിര്‍ന്ന നേതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും ഊര്‍ജിതമാക്കിയിരിക്കുകയാണ്. അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭൂപന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.






