തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടമായി കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച പോലെ ജൂൺ 15 മുതൽ തന്നെ സൗജന്യ യാത്ര തുടങ്ങും.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിലാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി അനുസരിച്ച് ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചത്. ജൂൺ പത്തിനകം വിഷയത്തിൽ മുഖ്യമന്ത്രി തന്നെ കൂടുതൽ വ്യക്തത വരുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ പറഞ്ഞു. ഓര്‍ഡിനറി ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. സിറ്റി ഫാസ്റ്റിന് കൂടി അനുവദിച്ചാല്‍ ഇത് 65 കോടിയായി ഉയരും.






