ദില്ലി: ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി (H5N1 Avian Influenza) സ്ഥിരീകരിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാന രോഗലക്ഷണങ്ങളുമായി കണ്ട 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെഗറ്റീവാണ്, ആരോഗ്യനില തൃപ്‌തികരമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് യുവാവിനെ ഡിസ്‌ചാർജ് ചെയ്‌തതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. ഇന്ത്യയില്‍ മനുഷ്യരില്‍ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് പിഐബി ഫാക്‌ട് ചെക്കിന്‍റെ എക്‌സ് പോസ്റ്റില്‍ വിശദീകരിക്കുന്നു.
ഇന്ത്യയില്‍ മനുഷ്യനില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് എന്നുപറഞ്ഞായിരുന്നു ഇന്നലെ ഡോ. റിച്ചാര്‍ഡ് എന്ന യൂസറുടെ എക്‌സ് പോസ്റ്റ്. പക്ഷിപ്പനി ലക്ഷണങ്ങളുള്ള ആള്‍ ഒരു ലാബ് അസിസ്റ്റന്‍റാണ് എന്നും H5N1 പോസിറ്റീവായ ചിക്കന്‍ സാംപിള്‍ ഒരു ലാബില്‍ നിന്ന് മറ്റൊരു ലാബിലേക്ക് മാറ്റിയത് ഇദേഹമാണെന്നും പിന്നാലെ ഡോ. റിച്ചാര്‍ഡ് റീ-ട്വീറ്റ് ചെയ്‌തു. എന്നാല്‍ ഇന്ത്യയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും, രോഗ ലക്ഷണങ്ങളുണ്ടായിരുന്ന 35-കാരന്‍റെ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.










