ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാരക്കരാർ ഈ വർഷം ഏപ്രിലോടെ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. കൂടാതെ,യുകെ, ഒമാൻ ഉൾപ്പെടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാരക്കരാറുകൾ (FTA) ഏപ്രിലിൽ തന്നെ പ്രാബല്യത്തിൽ വരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂസീലൻഡുമായുള്ള കരാർ സെപ്റ്റംബറിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷ.
ഫെബ്രുവരി 23 മുതൽ യുഎസിൽ നടക്കുന്ന മൂന്ന് ദിവസത്തെ ചർച്ചയിൽ, ഇടക്കാല വ്യാപാരക്കരാറിന്റെ നിയമപരമായ കരട് ഇന്ത്യൻ-അമേരിക്കൻ ഉദ്യോഗസ്ഥർ അന്തിമമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി ആദ്യം തന്നെ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇനി ഈ രൂപരേഖ ഔദ്യോഗിക നിയമകരാറാക്കി മാറ്റി, മാർച്ചോടെ ഒപ്പുവെക്കുമെന്നാണ് സൂചന.
വാണിജ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ദർശൻ ജെയിൻ ഇന്ത്യൻ സംഘത്തെ നയിക്കും. ഇടക്കാല കരാറിന്റെ ഭാഗമായി, ഇരുരാജ്യങ്ങളും പരസ്പരം വ്യാപാരം നടത്തുന്ന വിവിധ ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവുകൾ നൽകും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവയും ഇതിനകം റദ്ദാക്കിയിട്ടുണ്ട്.










