റാണിപ്പേട്ട്: വനിതാസംവരണ ബില്ലിന്റെ മറവിൽ നടപ്പാക്കുന്നത് ദേശവിരുദ്ധ കാര്യങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് നുണപറയുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്നേരിയിലും റാണിപ്പേട്ടിലും നടന്ന റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് പിന്നിൽ അപകടകരമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വനിതാ സംവരണത്തിനുള്ള ബില്ലാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പാർലമെന്റ് പ്രാതിനിധ്യം ദുർബലപ്പെടുത്താനുമുള്ള പദ്ധതിയാണിത്. ഭാരതമെന്ന സങ്കൽപ്പത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ലോക്‌സഭയിൽ ഈ നീക്കങ്ങളെ ചെറുത്തതെന്നും അദ്ദേഹം പറഞ്ഞു.


