മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറിയിൽ കുടങ്ങിക്കടക്കുന്ന ക്ലീനർ മുസ്തഫയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്.
അപകടത്തിനു പിന്നാലെ ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാരും പിന്നാലെയെത്തിയ ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ വാഹനം വെള്ളത്തിൽ പൂർണമായും താഴ്ന്നുപോയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂർണമായും മുങ്ങുകയും ചെയ്തു. തിരൂരിൽനിന്നുള്ള ഫയർഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും വാഹനം ഉയർത്താൻ ആവശ്യമായ ക്രെയിൻ എത്താൻ വൈകുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. വെള്ളത്തിനടിയിലേക്ക് പൂർണമായും താഴ്ന്നുപോയ ലോറി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതരും നാട്ടുകാരും.




