തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും തന്റെ വീടിനുനേരെ ഉണ്ടായയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന ആക്രമണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കോൺഗ്രസിന്റെ ഹീനമായ ആക്രമണമാണ് ഇതെന്നും മന്ത്രി ആരോപിച്ചു. ചികിത്സാ പിഴവിൽ സർക്കാർ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളുമെന്നും ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘എന്താണ് ഞാൻ ചെയ്ത തെറ്റ്? വിഷയത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തു. ചികിത്സാ പിഴവിൽ കുറ്റക്കാർ ആരായാലും സർക്കാർ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളും. ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. പിഴവില്ലാത്ത നടപടിയാണ് ആവശ്യം. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.’ ആരോഗ്യമന്ത്രി പറഞ്ഞു.
വിനാശകാലേ വിപരീതബുദ്ധി, എന്നേ ഈ പ്രവർത്തിയെ പറയാനുള്ളൂ. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും കേരളത്തിലെ ജനങ്ങൾ റീത്ത് വെക്കും. യുഡിഎഫ് സർക്കാർ തകർത്ത ആരോഗ്യമേഖലയിൽ ഒരു സിസ്റ്റം ഉണ്ടാക്കിയെടുത്തത് ഇടതുപക്ഷമാണ്.’ വീണാ ജോർജ് പറഞ്ഞു.
മന്ത്രി വീണാ ജോർജിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പൊതുമുതൽ നശിപ്പിച്ചതിലുള്ള വകുപ്പ് ചുമത്താനും നിർദേശം. പ്രതിഷേധത്തെക്കുറിച്ച് പോലീസ് അറിഞ്ഞത് രാവിലെ മാത്രമാണ്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. മന്ത്രിയുടെ വസതിക്ക് പ്രത്യേക കാവൽ പോലീസ് ഏർപ്പെടുത്തിയിരുന്നില്ല.










