കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദ് ആണ് ആശുപത്രിയിൽ നാശനഷ്ടം വിതച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് റാഷിദ് ആശുപത്രിയിലെത്തി. എന്നാൽ നിലവിലെ ആരോഗ്യനില പരിഗണിച്ച് ഡിസ്ചാർജ് ചെയ്യാനാവില്ലെന്ന് അധികൃതർ അറിയിച്ചതോടെ ഇയാൾ പ്രകോപിതനായി.
തുടർന്ന് കൈയാങ്കളിയിലേക്കും അതിക്രമത്തിലേക്കും കാര്യങ്ങൾ നീങ്ങി. അലറിവിളിച്ച് ലേബർ റൂമിലെ ഗ്ലാസുകളും ഫർണിച്ചറുകളും ഇയാൾ തകർത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഏകദേശം 15,000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ചില്ലുകഷണങ്ങളിൽ നിന്ന് ഇയാൾക്കും പരിക്കേറ്റു.
മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആശുപത്രി ജീവനക്കാരുടെയും പൊലീസിന്റെയും സഹായത്തോടെ ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.










