പശ്ചിമേഷ്യ കത്തുമ്പോള്‍ അത് അറബ് ഇതര രാജ്യങ്ങളെ ഏതെല്ലാം രീതിയില്‍ ആയിരിക്കും ബാധിക്കുക എന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇപ്പോഴിതാ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നു തുടങ്ങി. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നത്.
ഹോര്‍മുസ് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് അടഞ്ഞിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലേക്കുള്ളസാധാരണ അസംസ്‌കൃത എണ്ണ ഒഴുക്കിന്റെ ഏകദേശം 86% തടയപ്പെട്ടിരിക്കുകയാണ്.വിവിധ രാജ്യങ്ങളെ കനത്ത പ്രതിസന്ധികളിലേക്കാണ് ഈ പുതിയ സാഹചര്യം എത്തിച്ചിരിക്കുന്നത്.
എഴുനൂറിലധികം എണ്ണക്കപ്പലുകളാണ് ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശത്തും നിര്‍ത്തിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നിന്, 28 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി മൂന്ന് ടാങ്കറുകള്‍ മാത്രമാണ് ഹോര്‍മുസ് കടന്നുപോയത്. മാര്‍ച്ച് 2 ആയപ്പോഴേക്കും, ഒരു ചെറിയ ടാങ്കറും ഒരു ചെറിയ ചരക്ക് കപ്പലും മാത്രമായി മാറി ഈ കണക്ക്. ഏറ്റവുമധികം പണി കിട്ടിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള കരുതല്‍ ശേഖരം രണ്ടാഴ്ച്ചത്തേക്ക് മാത്രമേ തികയൂ.
എന്നാല്‍ അങ്ങനെയല്ല, ഇന്ത്യയുടെ കൈവശം ഏകദേശം 100 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണശേഖരം ഉണ്ടെന്നാണ് പ്രമുഖ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭരണ ടാങ്കുകളിലും ഭൂഗര്‍ഭ കരുതല്‍ ശേഖരങ്ങളിലും ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്ന കപ്പലുകളിലും കൂട്ടിയിട്ട് ഏകദേശം 40 ദിവസം ഉപയോഗിക്കാവുന്ന എണ്ണ ഇപ്പോഴുണ്ട്. എന്നാല്‍ ഇനി കപ്പലുകള്‍ വരാതായാല്‍ ഈ സമയം കഴിഞ്ഞ് എന്ത് ചെയ്യും എന്ന കാര്യത്തിലാണ് ആശങ്ക.
അസംസ്‌കൃത എണ്ണയുടെ ആവശ്യകതയുടെ ഏകദേശം 88 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 50 ശതമാനത്തിലധികവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് വരുന്നതും. അത് വരാതായാല്‍ പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകും. പെട്രോളിന് വന്‍ വിലക്കയറ്റമോ റേഷന്‍ പോലുള്ള സംവിധാനമോ ഏര്‍പ്പെടുത്തേണ്ടതായി വരും. സ്വാഭാവികമായും പിന്നാലെ രാജ്യത്തെ എല്ലാ സാധനങ്ങളുടേയും വില കൂടും. പെട്രോള്‍ മാത്രമല്ല, എല്‍പിജി സിലിണ്ടറുകളും കിട്ടാതെയാകും. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. അതില്‍ നിന്ന് തന്നെ മനസിലാക്കാം എണ്ണ വരവ് നിന്നാല്‍ ഇന്ത്യ എത്രമാത്രം ദുരിതത്തിലേക്ക് വീഴും എന്നത്.
മംഗലാപുരം, പാഡൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് രാജ്യത്തെ പെട്രോളിയം റിസര്‍വ് (SPR) സൗകര്യങ്ങളുള്ളത്. യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ ക്രൂഡ് ഓയിലിന്റെ വില 10% ഉയര്‍ന്നു കഴിഞ്ഞു. പശ്ചിമേഷ്യയി നിന്നുള്ള എണ്ണയ്ക്ക് ബദലായി ഇന്ത്യക്ക് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. പശ്ചിമാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, അമേരിക്ക എന്നിവയ്ക്ക് പുറമെ റഷ്യന്‍ എണ്ണയും വാങ്ങേണ്ടി വരും. ഇപ്പോള്‍ യുഎസുമായുള്ള കരാറിന്റെ ഭാഗമായി നിര്‍ത്തിയിരിക്കുന്ന റഷ്യന്‍ എണ്ണ വീണ്ടും വാങ്ങിയാല്‍ ഒപ്പം ട്രംപിന്റെ ഉപരോധങ്ങളും നേരിടേണ്ടി വരും.
അങ്ങനെ ഏതൊക്കെ വശങ്ങളില്‍ നിന്ന് നോക്കിയാലും യുദ്ധം ഒരു മാസത്തിലധികം നീണ്ടാല്‍ ഇന്ത്യയുടെ കയ്യിലെ കരുതല്‍ എണ്ണ തീരുകയും എല്‍പിജി-പെട്രോള്‍ വിതരണത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായും വരും.






