ചെന്നൈ : വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.കുറഞ്ഞത് 85 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ വികസന മുരടിപ്പിനെ തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പേരിനൊപ്പം ‘m’ എന്ന അക്ഷരം ചേര്‍ത്ത് ‘കേരളം’ എന്ന് മാറ്റിയതല്ലാതെ കാര്യമായ വികസനമൊന്നും നടന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. ഇത് കേരളത്തിലെ പല പ്രദേശങ്ങളെയും ‘പ്രേത നഗരങ്ങളായി’ മാറ്റുന്നു.
ഹര്‍ത്താലുകള്‍ നിരോധിക്കണമെന്നും നിക്ഷേപകരെ സംരക്ഷിക്കാന്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ്, തീരദേശ സംരക്ഷണം തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.നിര്‍മ്മിത ബുദ്ധി മനുഷ്യ ചിന്തയ്ക്ക് പകരമാകുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ‘ചിന്താ പ്രക്രിയയെ നിയന്ത്രിക്കാന്‍ എഐയെ അനുവദിച്ചാല്‍ മനുഷ്യ വര്‍ഗ്ഗം ദരിദ്രമായിപ്പോകും. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെട്ടതായും ഇപ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



