നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിമ്മിൽ പ്രധാന ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് ഉള്ളത്. വർഷാവർഷങ്ങളായി ഇടത് കോട്ടയായ തവനൂരിലേക്കാണ് ഇപ്പോൾ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്.
സിപിഎമ്മിൽനിന്നുള്ള സമ്മർദം ഉയർന്നതോടെ തവനൂരിൽ കെ.ടി. ജലീൽ തന്നെ വീണ്ടും അങ്കത്തിനിറങ്ങുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. പാർട്ടി നടത്തിയ സർവേയിലും മറ്റു പഠനങ്ങളിലും ജലീലിന് തന്നെയാണ് തവനൂരിൽ വിജയം ഉണ്ടാക്കാൻ കഴിയുവെന്ന് ബോധ്യപ്പെട്ടതോടെ സംസ്ഥാനസമിതി ഇത്തരമൊരു തീരുമാനത്തിലെത്തിയതായാണ് പുറത്ത് വരുന്ന വാർത്ത.
കഴിഞ്ഞദിവസങ്ങളിൽ സിപിഎം നേതൃനിരയിലുള്ള പലരും ജലീലുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. മത്സരരംഗത്തേക്കില്ലെന്ന് ജലീൽ പറഞ്ഞിരുന്ന സാഹചര്യത്തിൽ വീണ്ടും രംഗത്തിറങ്ങുന്നതിലുള്ള പ്രയാസം ജലീൽ സൂചിപ്പിച്ചെങ്കിലും പാർട്ടി തീരുമാനത്തിനെതിരേ ഒരു നിലപാടെടുക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. പാർട്ടി ആവിശ്യപ്പെട്ടാൽ വീണ്ടും തവനൂരിൽ മത്സരിക്കുമെന്ന് സാരം.
തവനൂർ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പിലും ജലീലിലൂടെയാണ് ഇടതുപക്ഷം മണ്ഡലം പിടിച്ചത്. ഭരണത്തുടർച്ചയ്ക്ക് പരമാവധി സീറ്റുകൾ അനിവാര്യമെന്ന വിലയിരുത്തലിലാണ് ജലീലിനെ വീണ്ടും കളത്തിലിറക്കാൻ നേതൃത്വം ഒരുങ്ങുന്നത്.
കെ.ടി. ജലീലിനെ തോൽപ്പിച്ച് തവനൂർ സീറ്റ് പിടിക്കണമെന്നത് യുഡിഎഫിന്റെ വർഷങ്ങളായുള്ള മോഹമാണ്. കഴിഞ്ഞതവണ ഫിറോസ് കുന്നുംപറമ്പിലിനെ നിർത്തി നടത്തിയ പോരാട്ടത്തിൽ ജലീലിന്റെ ഭൂരിപക്ഷം 2564 വോട്ടിലേക്കു ചുരുക്കാൻ മാത്രമേ യുഡിഎഫിന് കഴിഞ്ഞിരുന്നുനുള്ളു. ഇത്തവണ ഭരണവിരുദ്ധ വികാരം, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം എന്നീ അനുകൂലസാഹചര്യങ്ങളുണ്ടെന്നും മണ്ഡലം പിടിക്കാനാകുമെന്നുമാണ് യുഡിഎഫ്ന്റെ ആത്മവിശ്വാസം. താലൂക്കിലെ ചില യുവനേതാക്കളെയും സന്ദീപ് വാരിയരടക്കമുള്ളവരെയുമെല്ലാം യുഡിഎഫ് തവനൂരിലേക്കു പരിഗണിക്കുന്നുണ്ട്.
കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച് ചരിത്രംകുറിച്ച കെ.ടി. ജലീൽ തവനൂരിലെത്തിയതോടെ മണ്ഡലം കൈപ്പിടിയിലൊതുക്കിയ കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. 2011-ൽ കോൺഗ്രസിന്റെ അന്നത്തെ യുവനേതാവായിരുന്ന പരേതനായ വി.വി. പ്രകാശിനെയാണ് കെ.ടി. ജലീൽ പരാജയപ്പെടുത്തിയത്. കെ.ടി. ജലീൽ 57,729 വോട്ടുമായി 47.20 ശതമാനം വോട്ടുനേടിയപ്പോൾ 50,875 (41.60 ശതമാനം) വോട്ടുമാത്രമേ പ്രകാശിന് നേടാനായുള്ളൂ. ഭൂരിപക്ഷം 6854 വോട്ട്. ബിജെപിയുടെ നിർമല കുട്ടികൃഷ്ണന് 7107 വോട്ടും (5.81) കിട്ടി.
2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ ഏഴു ഗ്രാമപ്പഞ്ചായത്തിലും യുഡിഎഫാണ് ഭരണം നേടിയത്. എൽഡിഎഫിനേക്കാൾ 10,972 കൂടുതൽ വോട്ട് യുഡിഎഫ് നേടുകയുണ്ടായി. ജലീലിന്റെ 2564 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ഈ നേട്ടമുണ്ടാക്കിയത് എന്നതും ശ്രദ്ധേയമാണ്.
തുടർച്ചായി മൂന്നാം തവണയും തവനൂർ വിട്ടുകൊടുക്കാതെ സിപിഎം പിടിച്ചെടുത്തത് കേരളം കണ്ടതാണ്. അതിനാൽ തന്നെ ജലീലിന് ആയിരിക്കും അവിടെ സാധ്യത കൂടുതലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സിറ്റിംഗ് എംഎൽഎമാരെ ഉൾപ്പടെയുള്ളവരെ വീണ്ടും കളത്തിലിറക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ആരൊക്കെ എവിടെയൊക്കെ നിന്നാൽ വിജയിക്കാനാകുമെന്ന് സിപിഎമ്മിന് നന്നായി അറിയാം. അതിനാൽ തന്നെ സിപിഎം കോട്ട തകർക്കാൻ കഠിനമായ പരിശ്രമത്തിലാണ് കോൺഗ്രസ് ഉള്ളത്.
2021-ൽ, തിരഞ്ഞെടുപ്പാകുമ്പോഴേക്കും മന്ത്രി സ്ഥാനത്തിരിക്കെ, ഒട്ടേറെ വിവാദങ്ങളിലകപ്പെട്ട കെ.ടി. ജലീൽ മാറുമെന്ന പ്രചാരണമുണ്ടായെങ്കിലും അവസാനനിമിഷം അദ്ദേഹം തന്നെയാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായി രംഗത്തിറങ്ങിയത്. അതെ രീതി തന്നെയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലും നടക്കാൻ പോകുന്നത് എന്ന സൂചനകൾ ഉയർന്നു വരുന്നുണ്ട്. ഒരു പരീക്ഷണത്തിന് നിൽക്കാതെ സ്ഥാനാർഥികളെ കൃത്യമായി ഓരോ മണ്ഡലത്തിൽ നിർത്താനുള്ള ഉറച്ച തീരുമാനത്തിലാണ് നേതൃത്വം ഉള്ളത്.
കണ്ണൂർ ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ ആരെ സ്ഥാനാർഥിയാകണമെന്ന തീരുമാനവും സിപിഎം യോഗത്തിൽ തീരുമാനിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. കോൺഗ്രസ് അവിടെ പുതുമുഖങ്ങളെയും സിനിമ താരങ്ങളെയും മത്സരത്തിനിറക്കുമ്പോൾ വിജയം നേടാൻ സിപിഎം വ്യക്തമായ പ്ലാനിങ്ങിൽ തന്നെയാണുള്ളത്. തുടർച്ചയായി മത്സരിക്കാൻ താൻ ഇല്ലന്ന് കെടി ജലീൽ പറഞ്ഞുവെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ അദ്ദേഹം മത്സരിക്കാൻ ഇറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും വരും ദിവസങ്ങളിൽ എന്താകും നേതൃത്വവും ജലീലും നൽകുന്ന പ്രതികരണമെന്ന് കണ്ടു തന്നെ അറിയാം.



