ദോഹ: പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ. വ്യാഴാഴ്ച പുലർച്ചെയാണ് ദോഹയ്ക്കും അബുദാബിക്കുമുകളിലൂടെ ശക്തമായ സ്ഫോടനങ്ങൾ കേട്ടത്. അബുദാബിയിൽ ഡ്രോൺ ആക്രമണത്തിനിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറുപേർക്കാണ് പരിക്കേറ്റത്.
ഇറാന്റെ മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതിനിടെയാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിലെ ജനവാസ മേഖലയിലേക്കാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്. പരിക്കേറ്റവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചില കെട്ടിടങ്ങൾക്ക് നേരിയ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.
ഇതിനിടെ ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തെ ലക്ഷ്യമിട്ടും മിസൈൽ ആക്രമണ ശ്രമം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ദോഹയിൽ ഉണ്ടായ സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ഇടപെടലിന്റെ ഭാഗമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ യുഎസ്–ഇസ്രയേൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് പുതിയ ആക്രമണശ്രമങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
സംഘർഷം രൂക്ഷമായതോടെ ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണ്. വ്യോമപാതകൾ അടച്ചതിനെ തുടർന്ന് കേരളത്തിലേതടക്കമുള്ള നിരവധി വിമാന സർവീസുകൾ മുടങ്ങിയിട്ടുണ്ട്.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യുഎഇയും ഖത്തറും അറിയിച്ചു. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അബുദാബി മീഡിയ ഓഫീസ് നിർദ്ദേശിച്ചു. ഗൾഫ് രാജ്യങ്ങളിൽ യുദ്ധഭീതി ഉയരുന്നതിനാൽ പ്രവാസി മലയാളികളിലും ആശങ്ക വർധിക്കുകയാണ്.




