തന്‍റെ യുട്യൂബ് ചാനലിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി പ്രമുഖ യുട്യൂബര്‍. ദി യുകെ 07 റൈഡര്‍ എന്ന പേരില്‍ ഹിന്ദിയില്‍ വ്ലോഗുകള്‍ ചെയ്യുന്ന അനുരാഗ് ദൊഭാല്‍ ആണ് പുതിയ വീഡിയോയിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. ബിഗ് ബോസ് ഹിന്ദിയുടെ 17-ാം സീസണ്‍ മത്സരാര്‍ഥി കൂടിയായ അനുരാഗ് 20 മണിക്കൂര്‍ മുന്‍പ് സബ്സ്ക്രൈബേഴ്സിനെ ഞെട്ടിക്കുന്ന ഒരു വീഡിയോ ചെയ്തത്. യുട്യൂബില്‍ 7.83 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉള്ള ആളാണ് ഇദ്ദേഹം. പ്രസ്തുത വീഡിയോ 20 മണിക്കൂര്‍ കൊണ്ട് കണ്ടിരിക്കുന്നത് 36 ലക്ഷത്തിലധികം പേരാണ്.
മറ്റൊരു ജാതിയില്‍ നിന്ന് വിവാഹം കഴിച്ചതിന് ശേഷം താന്‍ കുടുംബത്തില്‍ നിന്ന് നേരിട്ട പ്രയാസങ്ങള്‍ ഏറെയായിരുന്നെന്ന് വീഡിയോയില്‍ അനുരാഗ് പറയുന്നു. തന്‍റെ ആരാധിയയായിരുന്ന റിതികയെയാണ് അനുരാഗ് ദൊഭാല്‍ വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ 3 വര്‍ഷത്തോളം തുടര്‍ച്ചയായി മെസേജുകള്‍ അയച്ചതിന് ശേഷമാണ് താന്‍ റിതികയ്ക്ക് ആദ്യമായി റിപ്ലൈ കൊടുത്തതെന്ന് വീഡിയോയില്‍ അനുരാഗ് പറയുന്നുണ്ട്. “വിവാഹമെല്ലാം തീരുമാനിച്ച് ക്ഷണക്കത്ത് അടിച്ച് എല്ലാവരെയും ക്ഷണിച്ച് കഴിഞ്ഞ്, വിവാഹദിനത്തിന് ആറ് ദിവസം മുന്‍പ് മാത്രമാണ് അച്ഛനമ്മമാര്‍ തങ്ങള്‍ കല്യാണത്തിന് വരില്ലെന്ന കാര്യം അറിയിച്ചത്. തങ്ങള്‍ക്ക് ഈ വിവാഹം ഇഷ്ടമല്ലെന്നും ഒറ്റയ്ക്ക് നടത്തിക്കോളാനും അവര്‍ പറഞ്ഞു. ഒറ്റയ്ക്കാണ് എന്‍റെ കല്യാണം ഞാന്‍ നടത്തിയത്”. കഴിഞ്ഞ ഏപ്രില്‍ 30 നായിരുന്നു അനുരാഗിന്‍റെ വിവാഹം. ആ ആറ് ദിനങ്ങള്‍ താന്‍ നേരിട്ടത് കടുത്ത അപമാനമായിരുന്നെന്ന് പറയുന്നു അനുരാഗ്. “ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് അവര്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ഞാന്‍ അച്ഛനമ്മമാരുടെ കാല് പിടിച്ച് കെഞ്ചി, പക്ഷേ അവരുടെ മനസ് മാറിയില്ല”, അനുരാഗ് പറയുന്നു.
ഒടുവില്‍ ഭാര്യ റിതികയും തന്നെ ഉപേക്ഷിച്ച് പോയെന്നും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുകയാണെന്നും അനുരാഗ് പറയുന്നു. “എനിക്കിനി ഒന്നും ചെയ്യാനില്ല. കടുത്ത വിഷാദത്തിലാണ് ഞാന്‍. അവരാണ് എന്‍റെ മരണത്തിന് ഉത്തരവാദികള്‍. ഈ തോന്നലിനെ എങ്ങനെ മറികടക്കണമെന്ന് എനിക്ക് അറിയില്ല. ഈ വീഡിയോയ്ക്ക് ശേഷം ഞാന്‍ അപ്രത്യക്ഷനായേക്കാം. എനിക്കൊന്ന് ഉറങ്ങണം. കഴിഞ്ഞ അഞ്ച് ദിവസമായി ഞാന്‍ ഒന്നും കഴിച്ചിട്ടില്ല. മനസ് ആകെ അസ്വസ്ഥമാണ്”, അനുരാഗ് ദൊഭാല്‍ വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്ക് താഴെ മുപ്പതിനായിരത്തോളം കമന്‍റുകളാണ് ഇതുവരെ എത്തിയിരിക്കുന്നത്. ഭൂരിപക്ഷവും തങ്ങളുടെ പ്രിയ വ്ളോഗറെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ പകരുകയും ചെയ്യുന്ന കമന്‍റുകള്‍. അതേസമയം വീഡിയോ വൈറല്‍ ആയതിന് പിന്നാലെ അനുരാഗിന്‍റെ സഹോദരന്‍ കലാം ഇങ്ക് അനുരാഗിന്‍റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാനായി മാത്രം ചെയ്ത വീഡിയോ ആണിതെന്നാണ് സഹോദരന്‍റെ ആരോപണം.

