പാലക്കാട്: സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ എം സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണത്തിൽ നിയമനടപടിക്ക് നീക്കം. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിനും തുടർനടപടികൾക്കുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
സുരേഷ് ബാബുവിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കണമെന്നും, പരാതി മറച്ചുവെച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി പാലക്കാട് പൊലീസിന് കൈമാറിയതായി ഡിജിപിയുടെ ഓഫീസ് ജോൺ ഡാനിയലിനെ അറിയിച്ചു.
സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വനിതാ അഭിഭാഷകയോട് സുരേഷ് ബാബു ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. തുടർന്ന് ഒരു വർഷത്തോളം ഫോണിലൂടെയും നേരിട്ടും ശല്യം തുടർന്നതായും പരാതിക്കാരി ആരോപിക്കുന്നുണ്ട്.
ഡിജിറ്റൽ തെളിവുകൾ സഹിതം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നൽകിയിരുന്നുവെന്നാണ് വിവരം. വിഷയം ആദ്യം പാർട്ടി തലത്തിൽ പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും പൊലീസിൽ പരാതി നൽകുമെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നതായും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്നാണ് പുറത്തുവരുന്ന വിവരം. ആരോപണവുമായി ബന്ധപ്പെട്ട ചില ഡിജിറ്റൽ തെളിവുകൾ സുരേഷ് ബാബുവിനെ കാണിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സുരേഷ് ബാബുവിനെതിരായ ആരോപണം സിപിഎം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയ ശേഷമായിരിക്കും ആരോപണങ്ങളുടെ യാഥാർഥ്യം വ്യക്തമാകുക.



