പന്തളം: റോഡിലൂടെ നടന്നുപോയ യുവതിയെ വെട്ടുകത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ സുമേഷ് (48) ആണ് പിടിയിലായത്. കിളിമാനൂർ നാഗരൂർ സ്വദേശിനിയായ ബിന്ദുകുമാരി (43)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തുമ്പമൺ– കീരുകുഴി റോഡിൽ പഞ്ചായത്ത് ഓഫീസിനു സമീപം വെച്ചാണ് സംഭവം നടന്നത്. തുമ്പമണിലുള്ള വീട്ടിൽ ജോലി ചെയ്യുന്ന ബിന്ദുകുമാരി പന്തളത്തിലെ വാടകവീട്ടിൽ നിന്ന് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്. വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം സുമേഷ് വെട്ടുകത്തി കൊണ്ട് ബിന്ദുവിന്റെ തലയിൽ വെട്ടിയെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ തലയിൽ പൊട്ടലും ആഴത്തിലുള്ള മുറിവും ഉണ്ടായ ബിന്ദുകുമാരിയെ ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഭർത്താവുമായി അകന്ന് കഴിയുന്ന ബിന്ദുവിന് സുമേഷുമായി അടുപ്പമുണ്ടായിരുന്നുവെന്നും പിന്നീട് ഉണ്ടായ അകൽച്ചയാണ് ആക്രമണത്തിന് കാരണമാകാനിടയെന്ന് പൊലീസ് അറിയിച്ചു.






