ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ തീരുമാനിച്ചതായി റിപ്പോർട്ട്. ഇതിനായുള്ള പണമിടപാട് നടപടികളിലേക്ക് രാജ്യം കടന്നതായി റോയിറ്റേഴ്സ് വാർത്താ ഏജൻസി അറിയിച്ചു. അടുത്ത രണ്ടുമുതൽ മൂന്നുമാസത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഇന്തൊനീഷ്യൻ പ്രതിരോധ മന്ത്രി 2025 നവംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നുവെന്നും അന്ന് മിസൈൽ വാങ്ങൽ സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2022ൽ തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റൊരു രാജ്യമായ ഫിലിപ്പീൻസ് ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങിയിരുന്നു. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ലോകത്തിലെ ഏക സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ഈ മിസൈൽ ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള സൈനിക നടപടികളിൽ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെ നിരവധി രാജ്യങ്ങൾ ബ്രഹ്മോസ് സ്വന്തമാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.






