തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവെക്കില്ലെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഗണേഷ് കുമാർ വിശദീകരിച്ചു. വിഷയത്തെ കുടുംബ പ്രശ്നമായി കണക്കാക്കി ഒത്തുതീർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുകയാണ്.
പിണറായി സർക്കാരിന്റെ പ്രധാന നേട്ടമായി സ്ത്രീപക്ഷ നിലപാടുകളെയാണ് പലപ്പോഴും മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഭാര്യ കയ്യേറ്റമുണ്ടായെന്ന് ആരോപിച്ച് 112 നമ്പറിലേക്ക് വിളിച്ച് പരാതി നൽകിയ സാഹചര്യത്തിലും പൊലീസ് നടപടിയൊന്നും ഉണ്ടായില്ലെന്നത് സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും നടപടിയില്ലാതെ മടങ്ങിയതായും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചതായി ബിന്ദു മേനോൻ വെളിപ്പെടുത്തിയതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടപടി വേഗത്തിലാക്കിയ സർക്കാർ, ഗണേഷ് കുമാറിനെതിരായ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു. വരുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് പ്രധാന വിഷയമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
പത്തനാപുരത്ത് ഗണേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത് നിലപാട് ചോദ്യം ചെയ്യപ്പെടും. അതേസമയം ഗണേഷ് മന്ത്രിയായി തുടരുന്നതിൽ മുന്നണിയിൽ സിപിഐയ്ക്ക് ഉള്‍പ്പടെ എതിര്‍പ്പുണ്ട്.






