പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ മൂന്ന് സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി. കേസിലെ പ്രതിയായ ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, സഹോദരന്റെ ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് പോലീസിന് നൽകിയ മൊഴിയിൽ നിന്ന് മാറി പറഞ്ഞത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന മൊഴി സഹോദരൻ രാധാകൃഷ്ണൻ കോടതിയിൽ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും അയൽവാസി പൊന്നുകുട്ടിയും പോലീസിന് നൽകിയ ചില മൊഴികൾ കോടതിയിൽ നിഷേധിച്ചു.
ഇതോടെ മൂന്ന് പേരെയും കൂറുമാറിയ സാക്ഷികളായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. നേരത്തെ നെന്മാറയിലെ സജിതാ വധക്കേസിലും പ്രതിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.






