തൃശ്ശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡരികിൽ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പിൽ രാജനെയാണ് പിടികൂടിയത്. തന്റെ വീടിന് മുന്നിൽ മദ്യലഹരിയിൽ ബോധരഹിതനായി കിടന്നതിനാലാണ് ചൂടുവെള്ളം ഒഴിച്ചതെന്ന് രാജൻ പൊലീസിനോട് മൊഴി നൽകി.
കഴിഞ്ഞ തിരുവോണ ദിവസമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പാണൻ വീട്ടിൽ ശശി ഒന്നരമാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇരുകാലുകളിലും ഗുരുതരമായ പൊള്ളലാണ് ഉണ്ടായത്.
രാജനെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പിന്നീട് നടന്ന മറ്റൊരു മദ്യപാന സദസ്സിനിടെ രാജൻ തന്നെ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്. ഇത് കേട്ട സാക്ഷി കോടതിയിൽ മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് കേസിൽ തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.






