കൊച്ചി: പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് കൊച്ചി നാവിക താവളത്തിലെ ലീഡ് മെക്കാനിക് ആദർശ് കുമാർ (24) നെ യുപി ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. യുപിയിലെ ആഗ്ര സ്വദേശിയായ ഇയാളെ ചൊവ്വാഴ്ചയാണ് പിടികൂടിയത്.
നാവികസേനയുടെ യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ദൃശ്യങ്ങൾ, രേഖകൾ എന്നിവ ഐഎസ്ഐക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ഒന്നര വർഷമായി ഇയാൾ വിവരങ്ങൾ ചോർത്തിയിരുന്നുവെന്നും ഐഎസ്ഐയുടെ ‘ഹണി ട്രാപ്പിൽ’ കുടുങ്ങിയിരുന്നുവെന്നുമാണ് വിവരം.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു യുവതിയിലൂടെ ഇയാൾക്ക് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടതായും പ്രതിഫലം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം തുടരുകയാണ്.






