മലയാള സിനിമയെ സംബന്ധിച്ച് 2026-ന്റെ തുടക്കം അത്ര ശുഭകരമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസിനെ സംബന്ധിച്ച് പൊതുവെ വരണ്ട മാസങ്ങളായ ഫെബ്രുവരിയിലും മാർച്ച് ആദ്യവാരത്തിലും ഇത്തവണ വലിയ ഉണർവ് പ്രകടമായില്ല. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വൻ ഹിറ്റുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. പൊങ്കൽ റിലീസായി പ്ലാൻ ചെയ്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ എത്താത്തത് തമിഴ് ബോക്സ് ഓഫീസിനൊപ്പം കേരളത്തിലെ കളക്ഷനെയും പ്രതികൂലമായി ബാധിച്ചു.
ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ‘ചത്താ പച്ച’യാണ്. യുവതാരങ്ങൾക്കൊപ്പം മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ഈ ചിത്രം 17.5 കോടി രൂപയാണ് ഇതിനകം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് സാഗർ സൂര്യ, ഗണപതി, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പ്രകമ്പനം’ (15.2 കോടി) ആണ്. ജയറാമും കാളിദാസും ഒന്നിച്ച ‘ആശകൾ ആയിരം’ (7.7 കോടി) മൂന്നാം സ്ഥാനത്തും, ബിജു മേനോനും ജോജു ജോർജും കേന്ദ്രകഥാപാത്രങ്ങളായ ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ (6 കോടി) നാലാം സ്ഥാനത്തുമുണ്ട്. നിവിൻ പോളി നായകനായ ‘ബേബി ഗേൾ’ 4.10 കോടി രൂപയുമായി അഞ്ചാം സ്ഥാനത്താണ്.
ഭാവനയുടെ ‘അനോമി’ (3.40 കോടി), കൃഷാന്ദ് സംവിധാനം ചെയ്ത ‘മസ്തിഷ്ക മരണം’ (2.60 കോടി), നിലവിൽ തിയറ്ററിലുള്ള ‘സംഭവം അധ്യായം ഒന്ന്’ (2.25 കോടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രം ‘പരാശക്തി’ 1.5 കോടി നേടി ഒൻപതാം സ്ഥാനത്തും, ഇന്ദ്രൻസ് ടൈറ്റിൽ റോളിലെത്തിയ ‘ആശാൻ’ 1.45 കോടിയുമായി പത്താം സ്ഥാനത്തുമുണ്ട്. കൂടാതെ, കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ‘ധുരന്ധർ’ 8.65 കോടി രൂപ കേരളത്തിൽ നിന്ന് സ്വന്തമാക്കി മികച്ച പ്രകടനം തുടർന്നു.






