ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതൽ വിമാന സർവീസുകൾ നടത്തുന്നു. ഇന്ന് ഗൾഫ് മേഖലയിലേക്ക് ആകെ 80 സർവീസുകൾ നടത്തുമെന്ന് എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. സാധാരണ ഷെഡ്യൂളിലുള്ള വിമാനങ്ങൾക്ക് പുറമെ പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിദ്ദ, മസ്കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തടസമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്ക് ഇന്ന് 10 വിമാനങ്ങൾ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ഒരു റൗണ്ട് ട്രിപ്പും മുംബൈയിൽ നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും എയർ ഇന്ത്യ നടത്തും.
എയർ ഇന്ത്യ എക്സ്പ്രസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും മംഗളൂരുവിലേക്കും അധിക സർവീസുകൾ നടത്തും. ഡൽഹി, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നായി മസ്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് എട്ട് സർവീസുകൾ നടത്തും. കൂടാതെ യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും ഷെഡ്യൂൾ ചെയ്യാത്ത 62 സർവീസുകൾ കൂടി നടത്താൻ പദ്ധതിയുണ്ട്. വിമാനത്താവളങ്ങളിലെ സാഹചര്യവും അനുമതിയും അനുസരിച്ചായിരിക്കും ഈ സർവീസുകൾ.
വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോ വൈകിയതോ ആയ യാത്രക്കാർക്കായി പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അധിക ചാർജ് ഇല്ലാതെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാനും ടിക്കറ്റ് തുക പൂർണമായും തിരികെ ലഭിക്കാനും യാത്രക്കാർക്ക് അപേക്ഷിക്കാം. ഈ സേവനങ്ങൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിലൂടെ ലഭ്യമാകും. യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക നിരക്കില്ലാതെ ടിക്കറ്റ് മാറ്റാനും സൗകര്യമുണ്ട്.
അതേസമയം അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകൾ നിലവിലെ സാഹചര്യത്തിൽ ബാധിക്കില്ലെന്നും അവ സാധാരണ പോലെ തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രാ ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരെ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ വഴി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ഏറ്റവും പുതിയ വിവരങ്ങൾക്കായി കോൺടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും എയർ ഇന്ത്യ അഭ്യർത്ഥിച്ചു.






