തിരുവനന്തപുരം: ഹൈസ്കൂൾ തലവരെ അധ്യാപകരുടെ നിയമനയോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്റ്റംബർ 1ന് മുൻപ് പ്രൊമോഷൻ അല്ലെങ്കിൽ ബൈട്രാൻസ്ഫർ വഴി നിയമനത്തിന് അർഹത നേടിയ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. എന്നാൽ രണ്ട് വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധന ഉണ്ടായിരിക്കും.
രണ്ടുവർഷ കാലാവധി 2025 സെപ്റ്റംബർ 1 മുതൽ കണക്കാക്കും. ലാബ് അസിസ്റ്റന്റുമാരും മറ്റ് അനധ്യാപക തസ്തികകളിലുള്ള അർഹരായ ജീവനക്കാർക്കും അധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഇതേ മാനദണ്ഡം ബാധകമാകും.
സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകൾ നടപ്പാക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഒരാൾക്കും ജോലി നഷ്ടമാകരുതെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
കെ ടെറ്റ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന സർക്കാർ നേരത്തെയും അധ്യാപകർക്ക് ചില ഇളവുകൾ നൽകിയിരുന്നു. കെ ടെറ്റ് പാസാകാൻ രണ്ട് വർഷത്തെ സമയം അനുവദിക്കുന്നതായും 2025 സെപ്റ്റംബർ 1ന് മുമ്പ് നിയമനം ലഭിച്ച നെറ്റ്, സെറ്റ്, എംഫിൽ, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കും നിയമന അംഗീകാരം നൽകുമെന്നും മന്ത്രി അറിയിച്ചു.
കെ ടെറ്റ് പാസാകാത്തതിനാൽ ശമ്പളം നിഷേധിക്കില്ലെന്നും വിഷയത്തിൽ അന്തിമ തീരുമാനം സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.






