കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടന്നു. ഇന്നലെ രാത്രി ആലുവ പാലസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു. സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ അറിയിച്ചെങ്കിലും പിജെ ജോസഫ് ഇത് തള്ളി.
സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ല എന്നാണ് പി ജെ ജോസഫ് പറയുന്നത്. രണ്ടുദിവസത്തിനകം തീരുമാനമാകുമെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.






