ആലപ്പുഴ: തിരഞ്ഞെടുപ്പ് ചൂടിലായ കേരളത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങളും നടപടികളും തുടരുന്നു. അമ്പലപ്പുഴയിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനും പാർട്ടിക്കെതിരെ പ്രസ്താവന നൽകിയതിനും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്പെൻഡ് ചെയ്തു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജനറൽ സെക്രട്ടറി കെ. ഗോപകുമാർ എന്നിവർ രാജിവച്ചു. സജി ജോസഫ് കുട്ടനാട്ടിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണം സജീവമാക്കി. പാലക്കാട് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് രമേശ് പിഷാരടി പ്രതികരിച്ചു. കൊയിലാണ്ടിയിൽ കെ. പ്രവീൺ കുമാറിനായി ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ മെഗാ റോഡ് ഷോ സംഘടിപ്പിച്ചു. സർക്കാരിനെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പെന്ന് ഹരിപ്പാട് റോഡ് ഷോയ്ക്കിടെ രമേശ് ചെന്നിത്തല പറഞ്ഞു. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയും അരൂരിൽ ഷാനിമോൾ ഉസ്മാനും വോട്ടർമാരെ നേരിൽക്കണ്ട് പ്രചാരണം തുടരുകയാണ്.




