ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയിൽ നാടകീയ രംഗങ്ങൾ. താൻ പത്തു വർഷത്തോളമായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭയ്പുരി മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാർട്ടി നേതാവ് സഞ്ജയ് റായ് യോഗത്തിൽ പൊട്ടിക്കരഞ്ഞു. ബൊംഗായ്ഗാവിലെ നോർത്ത് സൽമാരയിൽ നടന്ന പ്രവർത്തകരുടെ യോഗത്തിലായിരുന്നു സഞ്ജയ് റായിയുടെ വൈകാരിക പ്രകടനം. മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപ്പര്യം അദ്ദേഹം നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ ആകെയുള്ള 126 സീറ്റുകളിൽ 89 എണ്ണത്തിലാണ് ബിജെപി ജനവിധി തേടുന്നത്. ബാക്കി 37 സീറ്റുകൾ സഖ്യകക്ഷികൾക്കായി വിട്ടുനൽകി. ഇതിൽ അസം ഗണപരിഷത് 26 സീറ്റിലും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 11 സീറ്റിലും മത്സരിക്കും. 2016 മുതൽ ബിജെപി ഭരണത്തിലുള്ള അസമിൽ ഭരണം നിലനിർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.






