ലഖ്‌നൗ: മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ പുതിയ പരിഷ്കാരം. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ മുട്ടകളിലും കാലാവധി രേഖപ്പെടുത്തുന്നത് നിർബന്ധമാകും. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം. പുതിയ നിയമം പൗൾട്രി ഫാമുകൾക്കും മൊത്ത വ്യാപാരികൾക്കും ചില്ലറ വിൽപ്പനക്കാർക്കും ബാധകമാണ്.
മുട്ടയുടെ പുറംതോടിൽ തന്നെ വിവരങ്ങൾ രേഖപ്പെടുത്തണം. പാക്കറ്റിലോ ട്രേയിലോ മാത്രം തീയതി എഴുതുന്നത് മതിയാകില്ല. മുട്ട ഇട്ട തീയതിയും ഉപയോഗിക്കാവുന്ന അവസാന തീയതിയും വ്യക്തമാക്കണം. മുട്ട ഇട്ട ദിവസം മുതൽ 28 ദിവസം വരെയാണ് പരമാവധി കാലാവധി. ഏപ്രിൽ 1ന് ശേഷം തീയതി രേഖപ്പെടുത്താത്ത മുട്ടകൾ വിൽക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ഫാമുകളിലും കടകളിലും കർശന പരിശോധന നടത്തും. ലൂസ് ആയി വിൽക്കുന്ന മുട്ടകളുടെ പഴക്കം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യയിൽ ഇത്തരം നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്.






