ബെംഗളൂരു: മെട്രോ ട്രെയിനിൽ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുപാടിയ 11 യുവതികൾക്കെതിരെ പോലീസ് കേസ് എടുത്തു. നമ്മ മെട്രോയിൽ മാർച്ച് 15-ന് രാത്രി നടന്ന സംഭവത്തിലാണ് നടപടി. പീനിയ സ്റ്റേഷനിൽ രാത്രി 10.57-ഓടെ യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങി. ഇതിനെ തുടർന്ന് മറ്റ് യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതോടെ ട്രെയിൻ യാത്ര ഏകദേശം 20 മിനിറ്റ് വൈകി. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും ഇവർ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മെട്രോ സെക്യൂരിറ്റി ഓഫീസർ പി. ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസ് എടുത്തത്. പിന്നീട് യുവതികൾ ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.






