കോഴിക്കോട്: ഹാൻസ് കൈവശം വെച്ചതിന് കെഎസ്ആർടിസി യാത്രക്കാരന് എക്സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ഇതിന്റെ ദേഷ്യം തീർക്കാൻ യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തി(43)നാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ 7.20-നായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന യാത്രക്കാരനാണ് കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചത്. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ ബസ്സെത്തിയപ്പോൾ ഹാൻസ് കൈവശം വെച്ചതിന് പിഴയൊടുക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടു.
എന്നാൽ, പിഴയടയ്ക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തു. ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ ഒരു പ്രകോപനവുമില്ലാതെ കണ്ടക്ടറെ മർദിക്കുകയായിരുന്നു.
യാത്രക്കാരൻ തൊട്ടടുത്തേക്കുവരുമ്പോൾ കണ്ടക്ടർ തന്റെ സീറ്റിലിരുന്ന് ടിക്കറ്റ് മെഷീനിൽ യാത്രയുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുകയായിരുന്നു. യാത്രക്കാരനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് നടക്കാവ് പോലീസ് പറഞ്ഞു. കണ്ടക്ടറുടെ പരാതിയിൽ കേസെടുത്തു.






