കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മലബാറിലെ വിവിധ മണ്ഡലങ്ങളിൽ അപ്രതീക്ഷിത നീക്കങ്ങളുമായി മുന്നണികൾ. വള്ളിക്കുന്ന് മണ്ഡലത്തിൽ ഇടതുമുന്നണി ഒരു ‘സർപ്രൈസ്’ സ്ഥാനാർത്ഥിയെ ഇറക്കുമെന്നാണ് ഏറ്റവും പുതിയ സൂചന. ഒരു പ്രമുഖ യുവ കോൺഗ്രസ് നേതാവിനെ എൽഡിഎഫ് പാളയത്തിലെത്തിച്ച് വള്ളിക്കുന്നിൽ മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണ്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
അതേസമയം, മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിന്ന് തിരൂരിലേക്ക് മാറുന്നതോടെ താനൂർ പിടിച്ചെടുക്കാൻ തന്ത്രപരമായ നീക്കങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. മുസ്ലിം ലീഗിൽ നിന്നുള്ള ഒരു പ്രമുഖ നേതാവിനെ അടർത്തിയെടുത്ത് താനൂരിൽ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീവ്രശ്രമം. ഇതിന് പുറമെ, മങ്കട മണ്ഡലത്തിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യവും എൽഡിഎഫ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. വിജയസാധ്യത മുൻനിർത്തി മണ്ഡലത്തിൽ പുതിയൊരു മുഖത്തെ അവതരിപ്പിക്കാനാണ് നീക്കം.
കാസർകോട് ജില്ലയിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാടകീയമായ മാറ്റങ്ങൾ പ്രകടമാണ്. കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽഡിഎഫ് പിന്തുണയോടെ മത്സരിപ്പിച്ചേക്കും. നിലവിൽ ഐഎൻഎൽ മത്സരിക്കുന്ന സീറ്റാണിത്. മുസ്ലിം ലീഗ് അന്തരിച്ച നേതാവ് ചെർക്കളം അബ്ദുള്ളയുടെ മകൻ നാസർ ചെർക്കളത്തെ സ്ഥാനാർത്ഥിയാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തിയിരുന്നെങ്കിലും, ഷാനവാസ് പാദൂരിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങാനാണ് സാധ്യത. വരും ദിവസങ്ങളിൽ മലബാറിലെ ഈ സ്ഥാനാർത്ഥി മാറ്റങ്ങൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.






