തിരുവനന്തപുരം: ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചു, തിരികെ ആർജെഡിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി പിൻവലിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ നിലവിൽ തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ തിരിച്ചുപോക്ക്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രൻപിള്ള ചർച്ച നടത്തിയിരുന്നു. കരമന ജയനു സീറ്റ് നൽകാനായി ബിജെപി മണ്ഡലം കമ്മിറ്റി ഉറച്ചുനിന്നതോടെയാണ് സുരേന്ദ്രൻപിള്ളയ്ക്ക് ബിജെപിയിലും അവസരമില്ലാതായത്. ഇന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിച്ചത് .
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എൽഡിഎഫിൽ തിരുവനന്തപുരം മണ്ഡലം ലഭിക്കാത്തതിനെ തുടർന്ന് സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ് വിട്ട് യുഡിഎഫ് പാളയത്തിലെത്തിയിരുന്നു. തുടർന്ന് ജെഡിയുവിന്റെ സ്ഥാനാർഥിയായി നേമം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ബിജെപി ആക്കൗണ്ട് തുറന്ന തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശടക്കം സുരേന്ദ്രൻ പിള്ളയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും തീരുമാനം തെറ്റായി പോയതായി പിന്നീട തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി .




