തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് പൊതു അവധി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാനത്തെ വാണിജ്യ- സ്വകാര്യ സ്ഥാപനങ്ങളിലടക്കം എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഏപ്രിൽ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് 4ന് നടത്തും. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി 23 ദിവസം മാത്രമാണ് ലഭിക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. മാർച്ച് 24ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാൻ അവസരം ഉണ്ടാകും.
തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ് നടക്കുന്നത്. പുതുച്ചേരി, അസം സംസ്ഥാനങ്ങളിലും കേരളത്തോടൊപ്പം ഏപ്രിൽ 9നാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മേയ് 4നാണ്.






