മലയാള സിനിമയിലെ പ്രിയ സുഹൃത്തുക്കളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഷറഫുദ്ദീൻ എന്നിവർ ഒന്നിക്കുന്ന ‘പ്രതിഛായ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രചരണത്തിനായി എത്തിയ നാലുപേരും ചേർന്ന് പ്രേക്ഷകർക്ക് ചിരിയുടെ വലിയൊരു വിരുന്നാണ് സമ്മാനിക്കുന്നത്. ഇത്തവണ അജു വർഗീസും ധ്യാൻ ശ്രീനിവാസനും അവതാരകരായി എത്തിയപ്പോൾ നിവിൻ പോളിയും ഷറഫുദ്ദീനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം നിവിനും ഷറഫുവും ഒരുമിച്ച് എത്തുന്ന അഭിമുഖം എന്ന പ്രത്യേകതയും ഇതിനുണ്ട്.
സിനിമയും രാഷ്ട്രീയവും സൗഹൃദവും ചർച്ചയായ അഭിമുഖത്തിൽ രസകരമായ പല വെളിപ്പെടുത്തലുകളും താരങ്ങൾ നടത്തി. സന്തോഷവും സമാധാനവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് നിവിൻ പോളി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ എന്തുചെയ്യും എന്ന ധ്യാൻ ശ്രീനിവാസന്റെ ചോദ്യത്തിന്, താൻ മുഖ്യമന്ത്രിയായാൽ ഞായറാഴ്ചകളിൽ സിനിമ ഷൂട്ടിംഗ് ഒഴിവാക്കുമെന്നാണ് നിവിൻ തമാശയായി മറുപടി നൽകിയത്. അതേസമയം, ജനങ്ങളുടെ സന്തോഷത്തിന് മുൻഗണന നൽകുന്ന ‘ഹാപ്പിനസ് ഇൻഡക്സ്’ കൊണ്ടുവരുമെന്ന് ഷറഫുദ്ദീനും, ഹോട്ടലുകളിൽ ശുചിത്വം നിർബന്ധമാക്കുമെന്ന് അജു വർഗീസും പറഞ്ഞു.
ശ്രീ ഗോകുലം ഗോപാലന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ അഭിമുഖം ആദ്യ മണിക്കൂറുകളിൽ തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിക്കുന്ന ‘പ്രതിഛായ’ ഈ മാസം 26-ന് വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തിയും ദുർഗ ഉണ്ണികൃഷ്ണനുമാണ്.






