ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ചതിന്‍റെ വിവരങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് നടപടികൾ ആരംഭിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങൾക്കും പോസ്റ്റുകൾ കേരള പൊലീസിന്‍റെ നിർദേശ പ്രകാരം എക്സ് നീക്കി തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ച പിഴവിന്‍റെ വിവരങ്ങൾ പങ്കുവച്ചതിനെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരള ഡിജിപിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നടപടി. ക്ലറിക്കൽ പിഴവെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി സമ്മതിച്ച നടപടിയുടെ വിവരങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും രാവിലെയാണ് എക്സിന്‍റെ ഇമെയിൽ ലഭിച്ചത്. യുപി അടക്കം വിവിധ സംസ്ഥാനങ്ങളിലുള്ള മാധ്യമപ്രവർത്തകർ, കോൺഗ്രസ് പ്രവർത്തകർ, സ്വതന്ത്ര മാധ്യമ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, പോസ്റ്റ് നീക്കം ചെയ്യണമെന്ന് കേരള പൊലീസ് ആവശ്യപ്പെടുന്നുണ്ടെന്നുമാണ് ഏക്സ് അറിയിച്ചത്.
അറിയിപ്പ് ലഭിച്ച ശേഷം നീക്കം ചെയ്യാത്തവരുടെ പോസ്റ്റുകൾ എക്സ് തന്നെ നീക്കി തുടങ്ങി. ഐടി നിയമത്തിലെ 79 മൂന്ന് ബി അനുസരിച്ചാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തിയാൽ പ്രശ്നം തീരുമോയെന്നും പരിഹാസം ഉയരുന്നുണ്ട്. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ വിമത സ്വരങ്ങൾ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ഏജൻസികളെ ആയുധമാക്കുന്നുവെന്ന വിമർശനം ശക്തമാകുമ്പോഴാണ് യഥാർത്ഥ വിവരങ്ങൾ പങ്കുവെച്ചവർക്ക് എതിരെയുള്ള ഇത്തരം നടപടികൾ.






