തിരുവനന്തപുരം: നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് പൊട്ടിച്ചു. സംഭവത്തിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫ് ആണ് പിടിയിലായത്. ചേങ്കോട്ടുകോണം സ്വദേശിനിയായ അറഫ നജുമുദീനാണ് പരിക്കേറ്റത്.
ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് രണ്ട് ആഴ്ച പോലും തികയുന്നതിന് മുമ്പ് തന്നെ ആസിഫ് അറഫയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം 17ന് അറഫ ഉമ്മയുടെ സഹോദരിയെ ഫോൺ ചെയ്തതിനെ തുടർന്ന് പ്രകോപിതനായ ആസിഫ് അവളെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
കുപ്പികൊണ്ട് നടത്തിയ ആക്രമണത്തിൽ അറഫയുടെ വാരിയെല്ലിനും നെഞ്ചിനും ഗുരുതര പരിക്കേറ്റു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. തുടർന്ന് ആസിഫിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.




