പാലക്കാട്: കള്ളുഷാപ്പിൽ കീരിയിറച്ചി കറി വച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശികളായ ചന്ദ്രൻ, ആറുമുഖൻ എന്നിവരാണ് പിടിയിലായത്. മമ്പാട് കള്ളുഷാപ്പിൽ നടന്ന പരിശോധനയിൽ കീരിയിറച്ചി കണ്ടെത്തി. ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. വടക്കഞ്ചേരി സെക്ഷൻ റേഞ്ച് ഓഫീസർ സലീമിന്റെ നേതൃത്വത്തിൽ ഷാപ്പിൽ പരിശോധന നടത്തി ഇറച്ചി പിടിച്ചെടുത്തു.
കീരിയെ കെണിവച്ച് പിടികൂടിയ ആളും ഷാപ്പിലെ സഹായിയും ചേർന്നാണ് ഇറച്ചി വിൽപ്പന നടത്തിയതെന്ന് കണ്ടെത്തി. മംഗലം ഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം തുടർ നടപടികൾ സ്വീകരിച്ച് പ്രതികളെ ആലത്തൂർ കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്തു.




