കൊച്ചി: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്‌സ് ഓഫീസിൽ 101 കോടി രൂപയുടെ കളക്ഷൻ നേടി മെഗാബ്ലോക്ക്ബസ്റ്ററായി മാറി. വെറും ഏഴ് ദിവസത്തിനുള്ളിൽ ചിത്രം ഈ നേട്ടം സ്വന്തമാക്കി. 100 കോടി ക്ലബിൽ എത്തുന്ന പതിനാലാമത്തെ മലയാള ചിത്രമാണ് ‘ആട് 3’. നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ഇതോടെ മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ നിരയിൽ ജയസൂര്യയും 100 കോടി ക്ലബിൽ ഇടം നേടി.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ബിഗ് ബജറ്റ് ഫാന്റസി ചിത്രമായ ‘ആട് 3’ മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് എത്തിയത്. ആദ്യ അഞ്ച് ദിവസത്തിൽ തന്നെ ചിത്രം 90 കോടിയോളം രൂപ കളക്ഷൻ നേടി. കേരളത്തിൽ നിന്ന് മാത്രം 35 കോടിക്ക് മുകളിൽ നേടി. വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ വീക്കെൻഡിൽ തന്നെ നിരവധി സ്‌ക്രീനുകളും ഷോകളും കൂട്ടിച്ചേർത്തു.
കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയോടെ ചിത്രം ലോകമെമ്പാടും ഹൗസ്ഫുൾ പ്രദർശനങ്ങളിലാണ്. ഗൾഫ് മാർക്കറ്റിൽ നിന്ന് മാത്രം 50 കോടിക്ക് മുകളിൽ നേടുമെന്നാണ് പ്രതീക്ഷ. ജയസൂര്യയ്‌ക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു അനുഭവമായി പ്രേക്ഷകർ സ്വീകരിക്കുന്നു.






