ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്. പോസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പോസ്റ്റ് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
എന്നാൽ പൊലീസിന്റെ ഈ നടപടിയെ പരിഹസിച്ചുകൊണ്ടാണ് മഹുവ രംഗത്തെത്തിയത്. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും ‘മികച്ച വരി’യെന്ന് അവർ പരിഹസിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നെറ്റിയിൽ ബിജെപി ചിഹ്നം പതിച്ച ചിത്രം താൻ പങ്കുവെച്ചിരുന്നെന്നും, അത് ഇതിനേക്കാൾ സാമുദായിക ഐക്യം തകർക്കുന്നതാണെന്നും അവർ എക്‌സിലൂടെ തിരിച്ചടിച്ചു. കമ്മീഷനെ ‘വാനിഷ് കുമാർ’ എന്നാണ് മഹുവ വിശേഷിപ്പിച്ചത്.
സമാനമായ പോസ്റ്റിട്ട ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകൻ പീയുഷ് റായിക്കും നേരത്തെ കേരള പൊലീസ് നോട്ടീസ് അയച്ചിരുന്നു. വിവാദമായ കത്തിന്റെ ചിത്രം പങ്കുവെച്ചതിന് ഇതുവരെ 270 എക്‌സ് അക്കൗണ്ടുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ അയച്ച കത്തിലാണ് ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ, ഇത് കേവലം സാങ്കേതിക പിഴവാണെന്നും പിഴവ് തിരിച്ചറിഞ്ഞ ഉടൻ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വിശദീകരിച്ചു. സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായും കമ്മീഷൻ അറിയിച്ചിരുന്നു.






