ഐപിൽ ആവേശങ്ങൾ കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ ആരാധകർക്ക് പുതിയ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുയാണ് ക്യാപ്റ്റൻ ഋതുരാജ്. രാജസ്ഥാനിൽ നിന്നും സഞ്ജു സാംസൺ ചെന്നൈയിലേക്ക് ചേക്കേറിയതോടെ ഇത്തവണ ചെന്നൈക്ക് ആരാധകർ ഏറെയാണ്. ഐപിൽ പുതിയ സീസണിൽ ഇത്തവണ ഓപ്പണിംഗ് സഖ്യത്തിൽ പുതിയ പരീക്ഷങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഇത്തവണ തനിക്കൊപ്പം മലയാളി തരാം സഞ്ജു സാംസൺ ഓപ്പണർ ആകുമെന്നാണ് ഋതുരാജ് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ആയുഷ് മാത്രെ ഇത്തവണ ഓപ്പണറായി ഇറങ്ങില്ലെന്നും റുതുരാജ് സ്ഥിരീകരിച്ചു. അതിനു പകരമാണ് സഞ്ജു സാംസൺ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ ഉണ്ടായ നിരാശ ജനകമായ പ്രകടനത്തിന് ശേഷം ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് ടീം. ടി20 ലോകകപ്പിലെ ഹീറോയായ സഞ്ജു സാംസണെ ടീമിലെത്തിച്ചത് സിഎസ്കെയുടെ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. സഞ്ജു-റുതുരാജ് ഓപ്പണിംഗ് സഖ്യത്തെ പിന്തുണച്ച് മുൻ സിഎസ്കെ താരം രവിചന്ദ്രൻ അശ്വിനും നേരത്തെ രംഗത്തെത്തിയിരുന്നു. റുതുരാജിന്റെ ശൈലിയും സഞ്ജുവിന്റെ ആക്രമണോത്സുക ബാറ്റിംഗും ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് അശ്വിൻ പറഞ്ഞിരുന്നു.
മാർച്ച് 28-ന് തുടങ്ങുന്ന ഐപിഎല്ലിൽ മാർച്ച് 30-ന് സഞ്ജു സാംസണിന്റെ മുൻ ടീം കൂടിയായ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈ ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഈ സീസണിൽ ഇറങ്ങുന്നത്. ആരാധകരും ഏറെ ആവേശത്തിലാണ്.





