മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ കാപ്പ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ നടത്തിയതായും എഫ്ഐആറിൽ പറയുന്നു. പ്രതി നിലവിൽ ഒളിവിലാണ്.
ജനുവരി 31ന് വൈകീട്ട് അഞ്ചോടെ പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തിയ പ്രതി, തന്റെ മൊബൈൽ ഫോണിലെ ചില അവ്യക്തമായ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ചുവെന്നാണ് ആരോപണം. അവ പ്രചരിപ്പിക്കാതിരിക്കാനായി 15 കോടി രൂപ ആവശ്യപ്പെട്ടതായും, പണം നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പൊലീസിൽ പരാതി നൽകിയാൽ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
പരാതിക്കാരൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ‘shanu shanu’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതായും പൊലീസ് പറയുന്നു. ഇതുവഴി സമൂഹത്തിൽ കലാപം സൃഷ്ടിക്കാനും പരാതിക്കാരനും കുടുംബത്തിനും മാനഹാനി വരുത്താനും ശ്രമിച്ചുവെന്നും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






