തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ്‌വെയർ തയാറാക്കാനുള്ള പദ്ധതി ടാറ്റാ കൺസൾട്ടൻസിക്കു നൽകാനുള്ള ധാരണ മറികടന്ന് നാലിരട്ടി അധികം തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വമ്പൻ തട്ടിപ്പിനാണ് സഹകരണ വകുപ്പിൽ കളമൊരുങ്ങുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.
ടിസിഎസിന് 206 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കരാറാണ് ദുരൂഹ സാഹചര്യത്തിൽ റദ്ദാക്കി, നിബന്ധനകൾ പുതുക്കി ടെൻഡർ വിളിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. പുതിയ നിബന്ധന പ്രകാരം സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിൽ നിന്നുള്ള രണ്ട് സഹകരണ സംഘങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഇതിൽ ദിനേശ് ബീഡി സഹകരണ സംഘത്തിന് 914 കോടിയോളം രൂപയ്ക്കാണു കരാർ നൽകാൻ ഒരുങ്ങുന്നത്. പൊതുഖജനാവിന് കോടികളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.




