ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ ഡിഎംകെ നേതൃത്വം നൽകുന്ന മതേതര പുരോഗമന സഖ്യത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനമുറപ്പിച്ചു. സഖ്യത്തിന്റെ ഭാഗമായി തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലമാണ് എസ്ഡിപിഐക്ക് അനുവദിച്ചിരിക്കുന്നത്. മൂന്ന് സീറ്റുകൾ എന്ന പ്രാഥമിക ആവശ്യത്തിൽ ഉറച്ചുനിന്ന എസ്ഡിപിഐക്ക് ഒടുവിൽ ഒരു സീറ്റ് മാത്രമാണ് ഡിഎംകെ നേതൃത്വം നൽകിയത്. ചെന്നൈയിൽ ഒരു സീറ്റ് വേണമെന്ന ആവശ്യവും തള്ളിപ്പോയിട്ടുണ്ട്. നിലവിൽ അനുവദിച്ച നണ്ണിലം മണ്ഡലത്തിന് പകരം മറ്റേതെങ്കിലും മണ്ഡലം ലഭിക്കുമോ എന്ന കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ചകൾ തുടരുകയാണ്.
എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് നെല്ലയ് മുബാറക് തന്നെയാകും നണ്ണിലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ എസ്ഡിപിഐയുടെ സ്വന്തം ചിഹ്നത്തിന് പകരം ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ‘ഉദയസൂര്യൻ’ ചിഹ്നത്തിലായിരിക്കും അദ്ദേഹം ജനവിധി തേടുക. ഇത് സംബന്ധിച്ച ഔദ്യോഗിക കരാറിൽ ഇരു പാർട്ടികളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
പുതിയ സഖ്യ സമവാക്യങ്ങൾ രൂപപ്പെട്ടതോടെ ഡിഎംകെ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെ സീറ്റുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ മൂന്ന് സീറ്റുകളിൽ മത്സരിച്ചിരുന്ന മുസ്ലിം ലീഗിന് ഇത്തവണ രണ്ട് സീറ്റുകൾ മാത്രമാണ് അനുവദിച്ചത്. തമിഴ്‌നാട്ടിൽ വിപുലമായ സംഘടനാ സംവിധാനമുള്ള എസ്ഡിപിഐയെ സംബന്ധിച്ചിടത്തോളം ഡിഎംകെ മുന്നണിയിലേക്കുള്ള പ്രവേശനം വലിയൊരു രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ്, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ, എംഎംകെ തുടങ്ങിയ പ്രമുഖ പാർട്ടികൾ ഉൾപ്പെടുന്നതാണ് നിലവിലെ ഡിഎംകെ സഖ്യം.


