ദുബായ്: ഗൾഫ് മേഖലയിലാകെ ഇറാൻ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളാണ് പ്രധാനമായും ലക്ഷ്യമാക്കപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു. മിസൈൽ ആകാശത്ത് വെച്ച് പ്രതിരോധിച്ചെങ്കിലും അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. പ്രദേശത്ത് രണ്ടിടങ്ങളിൽ തീപിടിത്തവും റിപ്പോർട്ട് ചെയ്തു.
ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണം നടന്നു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ക്രെയിൻ തകർന്നുവീണതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റു. സുരക്ഷാ കാരണങ്ങളാൽ സലാല തുറമുഖം താൽക്കാലികമായി അടച്ചു.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തെയും ഇറാൻ ലക്ഷ്യമാക്കി. മിസൈൽ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിലും പുലർച്ചെയോടെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായതായി വിവരം ലഭിച്ചു.
ഇറാനിലെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങൾക്ക് മറുപടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലേക്കുള്ള ആക്രമണങ്ങൾ ശക്തമാക്കിയതെന്നാണ് വിലയിരുത്തൽ.




