മുംബൈ: വൈറ്റ് കോളർ ജോലിക്കാരെപ്പോലും അമ്പരപ്പിക്കുന്ന വരുമാനവുമായി മുംബൈയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാകുന്നു. സ്യൂട്ടും ടൈയും ധരിച്ച് ജോലിക്ക് പോകുന്ന പലരേക്കാളും ഉയർന്ന ‘ശമ്പളം’ തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് ഈ ഡ്രൈവർ അവകാശപ്പെടുന്നത്. എല്ലാ ചെലവുകളും കഴിഞ്ഞ് ദിവസേന ശരാശരി 2,500 രൂപ തനിക്ക് ലഭിക്കാറുണ്ടെന്നും ഇത് മാസത്തിൽ കണക്കാക്കിയാൽ ഏകദേശം 75,000 രൂപയോളം വരുമെന്നും അദ്ദേഹം പറയുന്നു. വ്ലോഗറായ ഉത്കർഷ് വർമ്മയാണ് ഈ ഓട്ടോ ഡ്രൈവറുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. എൻജിനീയറിങ് ബിരുദധാരിയായ തനിക്ക് പോലും തുടക്കത്തിൽ ഇത്രയും വലിയൊരു തുക ശമ്പളമായി ലഭിച്ചിരുന്നില്ലെന്ന് ഉത്കർഷ് വീഡിയോയിൽ സാക്ഷ്യപ്പെടുത്തുന്നു.
മുറിക്കുള്ളിൽ അടച്ചിരുന്നുള്ള ജോലിയേക്കാൾ ഓരോ ദിവസവും പുതിയ ആളുകളെ കാണാനും സംസാരിക്കാനും സാധിക്കുന്ന ഓട്ടോ ഡ്രൈവർ ജോലിയാണ് ഏറെ നല്ലതെന്ന് വ്ലോഗർ അഭിപ്രായപ്പെടുന്നു. അതേസമയം, 30,000 രൂപ ശമ്പളമുള്ള വൈറ്റ് കോളർ ജോലികളെ വലിയ ബഹുമാനത്തോടെ കാണുന്ന നമ്മുടെ സമൂഹം, അതിനേക്കാൾ ഇരട്ടി വരുമാനമുള്ള ഓട്ടോ ഡ്രൈവർ ജോലിയെ എന്തുകൊണ്ടാണ് കുറഞ്ഞ രീതിയിൽ കാണുന്നതെന്ന പ്രസക്തമായ ചോദ്യവും വീഡിയോയിലൂടെ ഉയർത്തുന്നുണ്ട്. കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവർക്ക് ഏത് തൊഴിലും മികച്ച വരുമാനം നൽകുമെന്നതിന്റെ ഉദാഹരണമായി ഈ ഡ്രൈവറുടെ ജീവിതം മാറുകയാണ്.




