ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നൽകിയ പിന്തുണയ്ക്ക് അറബ് രാഷ്ട്രങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ 132-ാമത് ‘മൻ കി ബാത്ത്’ പ്രസംഗത്തിലാണ് അദ്ദേഹം നിലവിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചത്.
പശ്ചിമേഷ്യയിൽ കഴിയുന്ന ഏകദേശം ഒരു കോടിയോളം ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ കാണിച്ച സഹകരണത്തെ പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചു.
രാജ്യാന്തര തലത്തിൽ രൂപപ്പെട്ട ഇന്ധന പ്രതിസന്ധിയും യുദ്ധം സൃഷ്ടിച്ച ആശങ്കകളും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങൾ വ്യാജവാർത്തകളിൽ വിശ്വസിക്കാതിരിക്കണമെന്നും സർക്കാരിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.
കഴിഞ്ഞ ഒരു മാസമായി പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷാവസ്ഥ തുടരുകയാണ്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളോടെയാണ് ഫെബ്രുവരി 28ന് സംഘർഷം രൂക്ഷമായത്. ഇതോടെ ആഗോളതലത്തിൽ എണ്ണ വിതരണത്തിലും പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്.
ഇത്തരം സാഹചര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ ലാഭത്തിനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പ്രവണതകൾക്കും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




