തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ലേഖനം ഉൾപ്പെടുത്തിയിരുന്ന വാരാന്തപ്പതിപ്പ് അച്ചടിച്ചെങ്കിലും വിതരണം ചെയ്തില്ലെന്ന് റിപ്പോർട്ട്. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ അനുസ്മരണ ലേഖനം ഉൾപ്പെട്ട പതിപ്പാണ് പ്രസിദ്ധീകരിക്കാതിരുന്നത്.
സാധാരണ ഞായറാഴ്ചകളിൽ ദിനപത്രത്തോടൊപ്പം പുറത്തിറങ്ങുന്ന വാരാന്തപ്പതിപ്പ് ഇത്തവണ വിതരണം ചെയ്തില്ല. “സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല” എന്ന വിശദീകരണമാണ് ദേശാഭിമാനി ഔദ്യോഗികമായി നൽകിയത്.
ഇതിനിടെ, ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ഫീച്ചറാണ് പ്രസിദ്ധീകരണം ഒഴിവാക്കാൻ കാരണമായതെന്നാണ് അനൗദ്യോഗിക വിശദീകരണം പുറത്തുവന്നത്. പുല്ലാംപാറ നാടകഗ്രാമത്തിലെ വിജയൻ എന്ന വ്യക്തിയെക്കുറിച്ചുള്ള ഫീച്ചറായിരുന്നു അത്.
‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന തലക്കെട്ടിലായിരുന്നു വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ചുള്ള കെ.വി. സുധാകരന്റെ ലേഖനം. ജൂലൈ 21-ലെ വി.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ലേഖനം തയ്യാറാക്കിയത്.
അതേസമയം, വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികം സംസ്ഥാനമൊട്ടാകെ വിപുലമായി ആചരിക്കാൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തിയും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചും എല്ലാ ഘടകങ്ങളും സജീവമായി പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു.











